ഇറ്റലിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ദ് സേക്രഡ് ഹാർട്ടിന്‌ 1624ലെ അപൂർവ ചരിത്രരേഖ സമ്മാനിച്ച് ഷെയ്ഖ് ഡോ. സുൽത്താൻ

ഇറ്റലിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ദ് സേക്രഡ് ഹാർട്ടിന്‌ 1624ലെ അപൂർവ  ചരിത്രരേഖ സമ്മാനിച്ച്   ഷെയ്ഖ് ഡോ. സുൽത്താൻ
ഷാർജ / മിലാൻ- ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇറ്റലിയിലെ പ്രശസ്തമായ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ദ് സേക്രഡ് ഹാർട്ടിന്‌ 1624ലെ അപൂർവ  ചരിത്ര രേഖ സമ്മാനിച്ചു. പാപ്പൽ ഉത്തരവ് (Papal Decree) എന്ന് അറിയപ്പെടുന്ന ഈ രേഖ പോപ് അർബൻ എട്ടാമൻ രോമിലെ സാന്റാ മരിയ മജോറേ പള്ളിയിൽ 1624- ഒാഗസ്റ്റ് 14 ന് പുറത്തിറക്കിയതാണ്. സർവകലാശാലയുടെ ഡയറക്ടർ ഡോ. എലീന ബെക്കല്ലി ഈ സമ്മാനം യൂറോപ്പ്-അറബിക് ചരിത്രബന്ധത്തിനും അക്കാദമിക് സഹകരണത്തിനും പുതിയ വാതിലുകൾ തുറക്കുന്നതായി വിലയിരുത്തി.
 
പോർച്ചുഗീസ് രാജാവ് ഫിലിപ് ഹോർമൂസ് വീണ്ടെടുക്കാൻ ആവശ്യമായ ധനം ശേഖരിക്കാൻ സഭകളോട് സഹായം തേടുകയും അതിന്റെ അടിസ്ഥാനത്തിൽ പോപ് ഈ ആജ്ഞ ഇറക്കുകയും ചെയ്തതായിരുന്നു. ഈ ചരിത്ര സംഭവത്തിന്റെ അടിസ്ഥാനത്തിൽ അറബികിലും ഇംഗ്ലീഷിലും തയ്യാറാക്കിയ തന്റെ പുസ്തകം “പാപൽ ബുൾ പോപ് അർബൻ എട്ടാമൻ പോപ് ഒാഫ് ദ് കാത്തലിക് ചർച്ച് ഡേറ്റഡ് ഒാഗസ്റ്റ് 14, 1624(Papal Bull: Pope Urban VIII Pope of the Catholic Church Dated August 14, 1624)” അദ്ദേഹം സർവകലാശാലയ്ക്ക് കൈമാറി. ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ പത്നിയും ഫാമിലി അഫയേഴ്സ് ചെയർപേഴ്സനുമായ  ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയും പങ്കെടുത്തു.
 
ചരിത്രം വിശദീകരിച്ച് താരമായി ഷെയ്ഖ് ഡോ.സുൽത്താൻ
 പാപ്പൽ രേഖയുടെ ചരിത്രം, ഇതുമായി ബന്ധപ്പെട്ട യൂറോപ്യൻ-പേർഷ്യൻ-അറബിക് ബന്ധങ്ങൾ, പോർച്ചുഗീസ്-ഇംഗ്ലീഷ് സംഘർഷം തുടങ്ങി  ഒട്ടേറെ ചരിത്ര സംഭവങ്ങൾ ഷെയ്ഖ് ഡോ.സുൽത്താൻ വിശദീകരിച്ചു.  പാപ്പൽ ഉത്തരവ് പ്രകാരം വിശ്വാസികൾ നൽകിയ സഹായം 200,000 ക്രൂസാഡോൾസിൽ എത്തുകയുണ്ടായി. ഈ ധനം ഇന്ത്യയിലേയ്ക്ക് കപ്പൽപ്പട അയക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് ഉപയോഗിച്ചതായി അദ്ദേഹം വിശദീകരിച്ചു. ഉജ്വല സ്വീകരണം നൽകി സര്‍വകലാശാല ഷാർജ ഭരണാധികാരിയെ ആദരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അറബിക് ഭാഷയെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാൻ ഷാർജ ഒരുക്കിയ അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.മ
ഈ പുസ്തകം തനിക്ക് ലഭ്യമായ ചരിത്ര രേഖകളെയും ആഴത്തിലുള്ള ഗവേഷണ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠന ഫലമാണെന്നും ഇരു ദേശങ്ങളുടെയും ചരിത്രത്തിലെ അത്യന്തം പ്രധാന ഘട്ടം ഇവിടെ രേഖപ്പെടുത്തുന്നുവെന്നും ഷെയ്ഖ് ഡോ.സുൽത്താൻ പറഞ്ഞു. ഇത്  ഭാവിയിലേക്കുള്ള ഒരു ജ്ഞാനസമ്പത്തു കൂടിയാകട്ടെ എന്ന്  സർവകലാശാലയുടെ സന്ദർശക പുസ്തകത്തിൽ  അദ്ദേഹം ആശംസ കുറിച്ചു. സർവകലാശാലയുടെ ഭാഗത്തുനിന്ന് ഷെയ്ഖ് ഡോ.സുൽത്താന് 1657ലെ മിലാന്റെ അപൂർവ  നഗരമാപ്പ് സമ്മാനമായി നൽകി.
 
ചടങ്ങിൽ ഇറ്റലിയിലെ യുഎഇ സ്ഥാനപതി അബ്ദുല്ല അലി അൽ സുബൂസി, ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് അൽ അംരി, സർവകലാശാലയിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ചരിത്ര രേഖകളുടെയും അലങ്കാരവസ്തുക്കളുടെയും പ്രദർശനം ഷാർജ ഭരണാധികാരി സന്ദർശിച്ചു. 2026ലെ മിലാൻ ശീതകാല ഒളിംപിക്സിന്റെ ഭാഗമായുള്ള ഒളിംപിക് ടോർച്ചും അദ്ദേഹം സന്ദർശിച്ചു.