വാൽനക്ഷത്രങ്ങൾ
പ്രവീൺ പാലക്കിൽ
അബ്ബ, നമുക്കിന്ന് പാർക്കിൽ പോകാം- മകളുടെ ദിവസേനയുള്ള ആവശ്യം ചെവിക്കൊള്ളാതിരിക്കാൻ ഇന്നവർക്ക് പറ്റിയില്ല. മാസം
ഒന്നായ് ഈ ചുമരുകൾക്കിടയിൽ കുരുന്നുകൾ തടവിലാക്കപ്പെട്ടിട്ട്. പകൽ പുറത്തിങ്ങുന്നതെങ്ങിനെ?. പട്ടാളക്കാർ റോന്ത് ചുറ്റുന്നുണ്ടാകും.
ഊഞ്ഞാലയിൽ ഇരുന്ന് മാനത്തേയ്ക്ക് നോക്കുമ്പോൾ നിറയെ നക്ഷത്രങ്ങളായിരുന്നു. അങ്ങ് ദൂരേനിന്ന് നൂറുകണക്കിന് വാൽനക്ഷത്രങ്ങൾ പറന്ന് വരുന്നത് ഹൈറിൽ അബ്ബയ്ക്ക്
കാട്ടിക്കൊടുത്തു. ഒന്നും മൂന്നും വയസുള്ള കുരുന്നുകളെ അവർ കൈയ്യിലൊതുക്കി ഹൈറിനോട് പിറകെ വീട്ടിലേയ്ക്ക് ഓടാൻ പറഞ്ഞു. ആറു വയസ്സുകാരിക്ക് ഊഞ്ഞാലാടി മതിയായില്ലെങ്കിലും അവൾ അബ്ബയ്ക്ക് പിറകെ ഓടി. പക്ഷേ പാർക്കിൽ മരം നടാനായ് എന്നോ കുഴിച്ച കുഴിയിൽ അവൾ വീണു. തിടുക്കത്തിൽ തല ഉയർത്തി നോക്കി. ആകാശത്ത് തീ ഗോളങ്ങൾ പറന്നു വരുന്നത് കണ്ടു. മേഘങ്ങൾക്കിടയിൽ നിന്ന് ഭീകരമായ അലർച്ച കേൾക്കുന്നു. പുകച്ചുരുളുകൾക്ക് ഒടുവിൽ അങ്ങ് ദൂരെ അബ്ബയും രണ്ടനുജൻമാരും പറന്നുപോകുന്നത് അവൾ കണ്ടു. കണ്ണുകളടച്ചുള്ള നിലവിളി അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

admin