ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ഗംഭീര തുടക്കം

ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ഗംഭീര തുടക്കം

ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ഗംഭീര തുടക്കം

ഷാർജ- ലോക സാഹിത്യത്തിന്റെ മഹാമേളളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകമേള 2025 (എസ് െഎബിഎഫ്25)യുടെ 44-ാം പതിപ്പിന് ഷാർജ അൽ താവൂനിലെ ഷാർജ എക്സ്പോ സെന്ററിൽ കൊടിയേറി. രാവിലെ യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഇതുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം പുസ്തകമേള ചുറ്റിക്കാണുകയും ചെയ്തു. പൊതുജനങ്ങൾക്ക് സൌജന്യപ്രവേശനമാണ്. എന്നാൽ ഉദ്ഘാടനദിവസമായ ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷമാണ് സ പ്രവേശനം. വേദിയിലേയ്ക്കുള്ള റോഡുകളിൽ തിരക്കേറുമെന്നതിനാൽ ബദൽ സംവിധാനങ്ങൾ തേടണമെന്ന് ഷാർജ പൊലീസിന് ഇതിനിടെ പൊതുജനങ്ങൾക്ക് സന്ദേശമയച്ചു.

ഇൌ മാസം 16 വരെ നടക്കുന്ന പുസ്തകമേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350-ലേറെ പ്രസാധകരും പ്രദർശകരും പങ്കെടുക്കും. 1,200-ൽ അധികം പ്രവർത്തനങ്ങളും 300-ൽ അധികം സാംസ്കാരിക പരിപാടികളും മേളയെ ലോകോത്തര സാഹിത്യ സംഗമമാക്കി മാറ്റും. മലയാളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് ഒട്ടേറെ പ്രസാധകർ പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം കഴിഞ്ഞ ദിവസം തന്നെ വേദിയിലെത്തി അവരുടെ സ്റ്റാളുകളുകൾ ഒരുക്കിയിരുന്നു.

മലയാളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് ഒട്ടേറെ എഴുത്തുകാർ

 മലയാളത്തിനിന്നടക്കം ഇന്ത്യൻ സാഹിത്യകാരന്മാരുടെയും ചിന്തകരുടെയും വലിയൊരു നിര ശ്രദ്ധാകേന്ദ്രമാകും.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കവി കെ.സച്ചിദാനന്ദൻ, ഇ. സന്തോഷ് കുമാർ മുതൽ ഡിജിറ്റൽ ലോകത്തെ താരമായ പ്രാജക്ത കോലി മുതൽ ക്രൈം പത്രപ്രവർത്തകനായ എസ്. ഹുസൈൻ സെയ്ദി വരെയുള്ള പ്രമുഖർ ആഗോള സാഹിത്യത്തിലെ തിളക്കമാർന്ന ശബ്ദങ്ങളായി ഇത്തവണ ഷാർജയിലെത്തും.

 പ്രശസ്ത കവിയും നിരൂപകനും വിവർത്തകനുമായ കെ. സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയായിരുന്നു. നോബൽ സമ്മാന സാധ്യതയുള്ളവരുടെ പട്ടികയിൽ വരെ ഇടം നേടിയ അദ്ദേഹത്തിൻ്റെ സ്വാധീനം ഇന്ത്യൻ സാഹിത്യത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. : ഇ. സന്തോഷ് 25-ലേറെ പുസ്തകങ്ങളും ഒന്നിലേറെ കേരള സാഹിത്യ അക്കാദമി അവാർഡുകളും ഇപ്രാവശ്യത്തെ(2025) വയലാർ സാഹിത്യ അവാർഡ് ജേതാവുമായ നേടിയ ഇ. സന്തോഷ് കുമാർ 'തപോമയിയുടെ അച്ഛൻ' പോലുള്ള നോവലുകളിലൂടെ മനുഷ്യാനുഭവങ്ങളെ ആഴത്തിൽ പകർത്തിക്കൊണ്ട് സമകാലിക മലയാള സാഹിത്യത്തിലെ അനിഷേധ്യ സാന്നിധ്യമാകുന്നു.

മുംബൈയിലെ മുൻ ക്രൈം പത്രപ്രവർത്തകനായ ഇദ്ദേഹത്തിന്റെ 'ബ്ലാക്ക് ഫ്രൈഡേ', 'ഡോങ്ക്രി ടു ദുബായ്' തുടങ്ങിയ നോൺ-ഫിക്ഷൻ പുസ്തകങ്ങൾ ഹിറ്റ് ബോളിവുഡ് സിനിമകൾക്ക് ആധാരമായിട്ടുണ്ട്. എഴുത്തുകാരനും പ്രകൃതിശാസ്ത്രജ്ഞനുമായ യുവൻ അവസ് പരിസ്ഥിതിയുമായി വീണ്ടും ബന്ധപ്പെടാൻ ആഹ്വാനം ചെയ്യുന്നു. 'ഇന്റർടൈഡൽ' എന്ന അദ്ദേഹത്തിന്റെ പുസ്തകം "തീരദേശത്തെയും ചതുപ്പിനെയും കുറിച്ചുള്ള മനോഹരമായ ഒരു ഡയറി" ആണ്. നേച്ചർ റൈറ്റിങ്ങിനുള്ള യു.കെയിലെ പ്രശസ്തമായ വെയിൻറൈറ്റ് സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ എഴുത്തുകാരനാണ് അദ്ദേഹം. 1.7 കോടിയിലേറെ ഫോളോവേഴ്‌സുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ് പ്രാജക്ത കോലി . 'ടൂ ഗൂഡ് ടു ബി ട്രൂ' എന്ന നോവലുമായി ഡിജിറ്റൽ ലോകത്തുനിന്ന് അച്ചടിയിലേക്കെത്തുന്ന പ്രാജക്ത യുഎൻഡിപി യൂത്ത് ക്ലൈമറ്റ് ചാംപ്യൻ എന്ന നിലയിൽ സാമൂഹിക സ്വാധീനം ചെലുത്തുന്ന കഥാകാരിയാണ്.

ഡിജിറ്റൽ നരവംശശാസ്ത്രജ്ഞയായ പ്രഫ. പായൽ അറോറ: 'ഫ്രം പെസ്സിമിസം ടു പ്രോമിസ്' പോലുള്ള കൃതികളിലൂടെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പടിഞ്ഞാറൻ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഡിജിറ്റൽ ഭാവിക്കായി ലോകത്തിന്റെ തെക്കുഭാഗത്തുനിന്നുള്ള പാഠങ്ങൾ നൽകുകയും ചെയ്യുന്നു.

ചിരിയുടെ പാരമ്പര്യം: ഉറുദു, ഹിന്ദി കവിതകളിലെ ചിരിയുടെ പാരമ്പര്യത്തെ പ്രതിനിധീകരിച്ച് സയ്യിദ് ഐജാസുദ്ദീൻ ഷാ (പോപ്പുലർ മീറുതി), സുരേന്ദർ ശർമ എന്നിവരും പങ്കെടുക്കും. 45 വർഷമായി തൻ്റെ ഹാസ്യകവിതകളാൽ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രമുഖ ഹാസ്യ കവിയാണ് പോപ്പുലർ മീറുതി. പത്മശ്രീ ജേതാവായ സുരേന്ദർ ശർമ, ദൈനംദിന ജീവിതത്തിലെ സന്തോഷവും ചിരിയും കണ്ടെത്താൻ സഹായിക്കുന്ന കവിതകളിലൂടെ ജനങ്ങളുടെ പ്രിയങ്കരനായ കവിയാണ്.

അത്യാധുനിക ഫാക്ടറിയിലെ കളി: 'ഹൈഡ് ആൻഡ് സീക്ക്'

അത്യാധുനിക സ്വപ്‌ന ഫാക്ടറിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കുടുംബ നാടകമാണ് 'ഹൈഡ് ആൻഡ് സീക്ക്' (ഒളിച്ചും പാത്തും). വിസ്മയങ്ങളും നൂതന കണ്ടുപിടിത്തങ്ങളും നിറഞ്ഞ ലോകത്തിലൂടെ മൂന്ന് പെൺകുട്ടികൾ നടത്തുന്ന സാഹസിക യാത്രയാണിത്. യാദൃച്ഛികമായി സ്വപ്‌നങ്ങൾ യാഥാർഥ്യമാകില്ലെന്നും അതിന് സ്ഥിര പരിശ്രമം, കൂട്ടായ പ്രവർത്തനം, സത്യസന്ധത, ഉത്തരവാദിത്തബോധം എന്നിവ ആവശ്യമാണെന്ന ശക്തമായ സന്ദേശമാണ് നാടകം നൽകുന്നത്. അൽജൂദ് അൽ ബാനൂൺ, അൽജൂരി അൽ ബാനൂൺ, വധ അൽ അയൂബ് എന്നിവരാണ് അഭിനേതാക്കൾ. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

 

ശാസ്ത്രം ഇനി 360° പരീക്ഷണങ്ങൾ: 'സയൻസ് ലാബ്'

ശാസ്ത്രത്തെ തത്സമയം അരങ്ങിലെത്തിക്കുന്ന '360° സയൻസ് ലാബ്' ഇത്തവണത്തെ പ്രത്യേകതയാണ്. കെമിസ്ട്രി അവതാരകനായ അബ്ദുല്ല അന്നാൻ സ്റ്റേജിനെ ഒരു പരീക്ഷണശാലയാക്കി മാറ്റും. തത്സമയ പരീക്ഷണങ്ങളും ദൃശ്യ വിസ്മയങ്ങളും ചേർന്ന ഈ ഷോ ശാസ്ത്രീയ ആശയങ്ങളെ ആവേശകരവും ലളിതവുമായ അനുഭവമാക്കി മാറ്റും. എല്ലാ പ്രായക്കാർക്കും ശാസ്ത്ര കൗതുകം നൽകാൻ ഇത് സഹായിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

 

ഡങ്ക് മാസ്‌റ്റേഴ്‌സിന്റെ വിസ്മയം

കായികവും കലാപരമായ പ്രകടനവും സമന്വയിപ്പിച്ചാണ് രാജ്യാന്തര പ്രശസ്തരായ 'ഡങ്ക് മാസ്‌റ്റേഴ്‌സ്' എത്തുന്നത്. കായികശേഷിയും അഭ്യാസങ്ങളും വേഷവിധാനങ്ങളും സമന്വയിപ്പിച്ചുള്ള അവരുടെ ബാസ്‌കറ്റ്‌ബോൾ ഷോ കാണികളെ വിസ്മയിപ്പിക്കും. രണ്ട് ലോക ചാംപ്യൻഷിപ്പ് കിരീടങ്ങളും ഒരു ഗിന്നസ് വേൾഡ് റെക്കോർഡുമുള്ള ഈ സംഘം കൃത്യതയും ശക്തിയും ദൃശ്യഭംഗിയും ഒന്നിക്കുന്ന തത്സമയ പ്രകടനമാണ് കാഴ്ചവയ്ക്കുക.

 

താളത്തിൽ ചലിക്കുന്ന കരങ്ങൾ: 'എക്കോസ് ഓഫ് ദ് ഹാൻഡ്‌സ്'

'ബ്ലാക്ക് വിഡോ' എന്ന വനിതാ സംഘം അവതരിപ്പിക്കുന്ന 'എക്കോസ് ഓഫ് ദ് ഹാൻഡ്‌സ്' (കൈകളുടെ പ്രതിധ്വനികൾ) ഒരു അമൂർത്തമായ നൃത്ത രൂപമാണ്. തികഞ്ഞ താളബോധത്തോടെ കൈകൾ ദളങ്ങൾ പോലെ ചലിക്കുമ്പോൾ, അത് ഒരേ സമയം ഡസൻ കണക്കിന് കൈകളോടുകൂടിയ ഒരു ശരീരത്തിന്റെ പ്രതീതി നൽകി കാണികളെ വിസ്മയിപ്പിക്കും.

 

പിങ്-പോങ് പ്രകടനത്തിന്റെ താളബോധം

പിങ്-പോങ് കളിയെ ചലനവും വെളിച്ചവുമായി സമന്വയിപ്പിച്ചാണ് 'പിങ്-പോങ് ബാങ്' ട്രൂപ്പ് രംഗത്തെത്തുന്നത്. റാക്കറ്റുകളും ബോളുകളും ഉപയോഗിച്ച് അവർ താളത്തിൽ കളിക്കുമ്പോൾ സ്റ്റേജ് ദൃശ്യങ്ങളുടെ വേഗമേറിയ ഒരു പരമ്പരയായി മാറും. 2023-ലെ ഇറ്റാലിയൻ ഗോട്ട് ടാലന്റ് ഷോയിൽ ഗോൾഡൻ ബസർ നേടി പ്രശസ്തരായ ഈ സംഘം 2025-ലെ ബ്രിട്ടൺസ് ഗോട്ട് ടാലന്റിലും വിസ്മയിപ്പിച്ചു.

 

നൃത്തച്ചുവടുകളിൽ വെളിച്ച വിസ്മയം: 'ഡാൻസിങ് ലൈറ്റ്‌സ്'

നാല് നർത്തകർ എൽഇഡി ലൈറ്റുകൾ പിടിപ്പിച്ച വസ്ത്രങ്ങളണിഞ്ഞ് അവതരിപ്പിക്കുന്ന 'ഡാൻസിങ് ലൈറ്റ്‌സ്' പ്രകടനം നൃത്തവും ഹൈടെക് ദൃശ്യങ്ങളും സംയോജിപ്പിക്കുന്നു. സംഗീതത്തിനനുസരിച്ചുള്ള നൃത്തചുവടുകൾ വെളിച്ചത്തിന്റെ മാറുന്ന രൂപങ്ങൾ സൃഷ്ടിക്കുകയും സ്റ്റേജിനെ ചലിക്കുന്ന ഒരു പ്രകാശഗോപുരമാക്കി മാറ്റുകയും ചെയ്യും. താളത്തിലൂടെ സാങ്കേതികവിദ്യയും കലയും ലയിച്ചുചേരുന്ന ഈ പ്രകടനം പുസ്തമേളയ്ക്ക് വേറിട്ട അനുഭവം നൽകും.