ചീത്ത പുസ്തകങ്ങൾ വായിക്കാതിരിക്കുന്നത് സാംസ്കാരികപ്രവർത്തനം

ചീത്ത പുസ്തകങ്ങൾ വായിക്കാതിരിക്കുന്നത് സാംസ്കാരികപ്രവർത്തനം

ഇക്കൊല്ലത്തെ ഷാർജ അന്തർദ്ദേശീയപുസ്തകമേളയുടെ പ്രമേയം - നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ - അർത്ഥപൂർണമാണ്.പുസ്തകങ്ങൾ - നല്ല പുസ്തകങ്ങൾ - വ്യക്തിയിൽ സൃഷ്ടിക്കുന്ന ഉൽക്കർഷം ചരിത്രത്തിലുടനീളം ചർച്ചാവിഷയമായിട്ടുണ്ട്. എഴുത്തിനോളം പഴക്കം ഈ ചർച്ചക്കുണ്ട്. പുസ്തകങ്ങളില്ലാത്തൊരു മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് സിസറോ പറഞ്ഞത് 2000 കൊല്ലം മുമ്പാണ്. പുസ്തകം പോലെ കൂറ് പുലർത്തുന്ന മറ്റൊരു സുഹൃത്തില്ലെന്ന് ഹെമിങ്‌വേ എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. വായന അന്യംനിന്ന് പോകുന്ന കാലമെന്ന് സാങ്കേതികവിദ്യയുടെ സമകാലപശ്ചാത്തലത്തിൽ പലരും ഇന്നിനെ വിശേഷിപ്പിക്കാറുണ്ട്. അത് പൂർണമായി ശരിയല്ലെന്നതിന്റെ വാചാലമായ തെളിവാണ് ഷാർജ പുസ്തകമേള.
 
പൊതുവെ വലിയ വായനാഭ്രമം ഉള്ള ഒരു ജനതയാണ് നാം മലയാളികൾ. നമ്മുടെ വായന മരിച്ചിട്ടില്ല. പക്ഷേ മോശം പുസ്തകങ്ങളുടെ ആധിക്യമാണ് നമ്മുടെ ഏറ്റവും വലിയ സാംസ്കാരികവെല്ലുവിളി. അവയിൽ വലിയൊരു പങ്കാവട്ടെ പുറത്തുവരുന്നത് ഷാർജ പുസ്തകമേളയിലാണ്! ഇവ വായിക്കാതെ വാങ്ങാതെ പ്രതിരോധം തീർക്കുക നമ്മുടെ ബുദ്ധിസ്ഥിരത നിലനിർത്താനുള്ള മുന്നുപാധിയാണ്! നല്ല പുസ്തകങ്ങൾ വായിക്കുന്നത് പോലെ പ്രധാനമാണ് ചീത്ത പുസ്തകങ്ങൾ വായിക്കാതിരിക്കുന്നതും.
 
എന്ത് കൊണ്ടാണ് ഇത്രയേറെ മോശം പുസ്തകങ്ങൾ മലയാളത്തിൽ ഇറങ്ങുന്നത്? തങ്ങൾ വായിക്കുന്നതിനേക്കാൾ എഴുതുന്ന യശപ്രാർത്ഥികളുടെ ആധിക്യം, സ്വന്തം കാശ് മുടക്കി പ്രസാധകരെക്കൊണ്ട് പുസ്തകങ്ങൾ ഇറക്കിക്കുന്ന ജീർണ്ണതയുടെ വ്യാപനം, ചീത്ത പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള നല്ല എഴുത്തുകാരുടെ കുത്സിതസന്നദ്ധത - ഇവയെല്ലാം ഈ നിലവാരം കുറഞ്ഞ പ്രസാധനപ്രളയത്തിന് കാരണമാകുന്നുണ്ട്.
 
ചീത്ത പുസ്തകങ്ങൾ നല്ല പുസ്തകങ്ങൾ എന്നൊക്കെ വിധി പറയാൻ ആർക്കാണധികാരം എന്നൊരു ചോദ്യം തീർച്ചയായും സംഗതമാണ്.നല്ല പുസ്തകങ്ങൾ വായിക്കുന്നവർക്ക് എന്നാണ് അതിന്റെ ലളിതമായ ഉത്തരം. നല്ല പുസ്തകങ്ങൾ ശീലിച്ചവർക്ക് മോശം പുസ്തകങ്ങൾ വായിക്കാതെ തന്നെ സഹജാവബോധം കൊണ്ട് മണത്തറിയാനാവും.
ചീത്ത പുസ്തകങ്ങളെ അകറ്റി നിർത്തുകയും നല്ല പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യുക മഹത്തായ ഒരു സാംസ്കാരികപ്രവർത്തനമാണ്. വ്യക്തികളിൽ ഉൽക്കർഷവും സമൂഹത്തിൽ സാംസ്കാരികമൂലധനവും വർധിപ്പിക്കുന്ന ധനാത്മകസമീപനമാണത്.